ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന് 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് നടപ്പാക്കുമെന്ന് പറഞ്ഞ പ്രധാന മന്ത്രി തലക്കെട്ട് മാത്രം നല്‍കി പേജ് ശൂന്യമാക്കി പ്രസംഗം അവസാനിപ്പിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. പാക്കേജിന്‍റെ വിശദാംശങ്ങള്‍ക്കായി കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരാമനെ കാത്തിരിക്കേണ്ടതുണ്ടെന്നും ചിദംബരം ട്വീറ്റ് ചെയ്‌തു.
കേന്ദ്ര ധനമന്ത്രി വിശദീകരിക്കുന്ന പക്കേജില്‍ ആര്‍ക്ക്? എന്ത്? എന്നത് വിലയിരുത്തേണ്ടതുണ്ട്. ലോക്ക് ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായി കിലോമീറ്ററുകളോളം നടന്ന് സ്വന്തം നാട്ടില്‍ മടങ്ങിയെത്തിയ അതിഥി തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ എന്താണ് നീക്കിവെച്ചിരിക്കുന്നതെന്ന് ആദ്യം വിലയിരുത്തണം.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സമൂഹത്തിലെ താഴെതട്ടിലുള്ള ജനവിഭാഗത്തിന് പണമായി എത്ര ലഭിക്കുമെന്നതും പ്രധാനമാണെന്നും പി. ചിദംബരം ട്വീറ്റ് ചെയ്‌തു. ചൊവ്വാഴ്‌ചയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചത്.