ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കളുമായും കേന്ദ്രമന്ത്രിമാരുമായും യോഗം ചേർന്നു. രാജ്യത്തെ കൊവിഡ് 19 സാഹചര്യം ചർച്ച ചെയ്യാനായാണ് സര്‍വ്വകക്ഷി യോഗം ചേർന്നത്. ലോക്‌സഭയിലെയും രാജ്യസഭയിലെയും എല്ലാ പാർട്ടികളിലെയും നേതാക്കൾ വെർച്വൽ മീറ്റിംഗിൽ പങ്കെടുത്തു. അഞ്ചോ അതിലധികമോ എംപിമാരുള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 12 ഓളം നേതാക്കൾ യോഗത്തിൽ സംസാരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് യോഗത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് സംസാരിക്കും. ടിഎംസിയിൽ നിന്നുള്ള സുദീപ് ബന്ദിയോപാധ്യായ, എൻസിപിയുടെ ശരദ് പവാർ, ടിആർഎസിൽ നിന്നുള്ള നാമ നാഗേശ്വര റാവു, ശിവസേനയിൽ നിന്നുള്ള വിനായക് റൗത്ത് എന്നിവരും യോഗത്തിൽ സംസാരിക്കും.
കൊവിഡ് -19 വാക്സിൻ ലഭ്യമാകുന്നതിനെക്കുറിച്ചും വിരതണം ചെയ്യുന്നതിനെക്കുറിച്ചും പ്രതിപക്ഷ നേതാക്കൾ സംസാരിക്കുമെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം കൊവിഡ് 19 സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ സർക്കാർ വിളിക്കുന്ന രണ്ടാമത്തെ സർവകക്ഷി യോഗമാണിത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷ് വർധൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നു. പാർലമെന്‍ററി കാര്യമന്ത്രിമാരായ പ്രഹ്ളാദ് ജോഷി, സഹമന്ത്രിമാരായ അർജുൻ റാം മേഘ്‌വാൾ, വി മുരളീധരൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍റെ പ്രസംഗത്തോടെയാണ് യോഗം ആരംഭിച്ചത്.