ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി നിർമ്മിച്ച ഗാർവി ഗുജറാത്ത് ഭവനിൽ മന്ത്രിമാരുടെ യോഗം വിളിച്ചു ചേർത്തു. കഴിഞ്ഞ ആറുമാസം വിവിധ മന്ത്രാലയങ്ങൾ നടത്തിയ പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യാനാണ് യോഗം. ഡിസംബർ 21 ന് രാവിലെ 11 നാണ് യോഗം നടക്കുക. നിർണായക യോഗത്തിൽ പങ്കെടുക്കാൻ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളോടും മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ കേന്ദ്ര മന്ത്രിമാരോടും അവരുടെ നേട്ടങ്ങൾ യഥാക്രമം രേഖപ്പെടുത്തി അയയ്ക്കാനും മോദി പറഞ്ഞു. ആറുമാസത്തെ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി അതത് മന്ത്രാലയങ്ങളിൽ ഉന്നതതല യോഗങ്ങൾ നടന്നു വരികയാണ്.
പാർട്ടി വർക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദ, ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവരുൾപ്പെടെ ബിജെപിയുടെ ചില മുതിർന്ന പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. ജൂൺ 13 ന് ശേഷം ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മന്ത്രിസഭാ യോഗം നടക്കുന്നത്. അതത് മേഖലാ മന്ത്രാലയങ്ങളോട് അവർ നടപ്പിലാക്കിയ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു പ്രസന്‍റേഷൻ അവതരിപ്പിക്കാനും നിർദ്ദേശമുണ്ട്.