ന്യൂഡൽഹി: കൊവിഡ് -19 രോഗികൾക്കുള്ള ചികിത്സാ മാർഗനിർദേശങ്ങളിൽ ഉടൻ മാറ്റങ്ങൾ വരുത്തണമെന്നാവശ്യപ്പെട്ട് പീപ്പിൾ ഫോർ ബെറ്റർ ട്രീറ്റ്‌മെന്‍റ് സുപ്രീം കോടതിയെ സമീപിച്ചു. ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികൾക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ, ആൻറിബയോട്ടിക് അസിട്രോമിസൈൻ എന്നിവയുടെ സംയോജിതമായ ഉപയോഗം ആരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ ഈ മരുന്നുകൾ രോഗികളിൽ ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദയ സ്തംഭനത്തിനും വരെ കാരണമായേക്കാമെന്ന് പീപ്പിൾ ഫോർ ബെറ്റർ ട്രീറ്റ്‌മെന്‍റ് പ്രസിഡന്‍റ് ഡോ. സാഹാ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര മെഡിക്കൽ സമൂഹത്തിന്‍റെ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ട് സർക്കാർ ഗുരുതര വീഴ്ചയാണ് ചെയ്തുന്നതെന്ന് സാഹാ വ്യക്തമാക്കി. അതേസമയം, മരുന്ന് സ്വീകരിക്കുന്ന ആളുകളിൽ നിന്ന് സമ്മതം വാങ്ങാനും അമേരിക്കൻ ഹാർട്ട് അസോസിയേഷന്‍റെ ലേഖനത്തിൽ പരാമർശിച്ച ആറ് നിർദ്ദിഷ്ട പ്രതിരോധ നടപടികൾ ഉടൻ നടപ്പാക്കാനും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.