ന്യൂഡല്‍ഹി: വിവിധ മാധ്യമങ്ങൾക്കെതിരെ അഭിഭാഷകന്‍ യഷ്‌ദീപ് ചാഹല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ കോടതി ഇന്ന് വാദം കേൾക്കും. ഹൈദരാബാദില്‍ മൃഗ ഡോക്‌ടറെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരയായ പെൺകുട്ടിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെയാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. മാധ്യമങ്ങൾ പെൺകുട്ടിയുടെ വിവരങ്ങൾ പുറത്തുവിട്ട് കൊണ്ട് ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരമുള്ള ചില മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും പരാതിയില്‍ പറയുന്നു.
ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരാണ് കേസിന്‍റെ വാദം കേൾക്കുക. പീഡനത്തിന് ഇരയാക്കുന്ന പെൺകുട്ടികളുടെ വിവരങ്ങൾ പുറത്തുവിടുന്നത് നിരോധിക്കണമെന്ന ആവശ്യവും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇരയായ പെൺകുട്ടിയുടെയും പ്രതികളുടെയും വിവരങ്ങൾ വെളിപ്പെടുന്നത് നിരോധിക്കാന്‍ വേണ്ട നടപടികൾ സ്വീകരിക്കാതിരുന്ന പൊലീസിന്‍റെയും സൈബര്‍ സെല്ലിന്‍റെയും അനാസ്ഥയെപ്പറ്റിയും പരാതിയില്‍ പരാമര്‍ശിക്കുന്നു.