ന്യൂഡൽഹി: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിനിടെ മാസ്‌ക് ധരിക്കാൻ വിമുഖത കാട്ടി ഡൽഹിയിലെ ജനത. വർധിച്ചുവരുന്ന കൊവിഡ് കേസുകൾ തടയാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മാസ്ക് ധരിക്കാത്തതിന് പിഴ 2,000 രൂപയായി ഉയർത്തിയിരുന്നു. എന്നിട്ടും ഡൽഹിയിലെ ജനത അത് അനുസരിക്കാൻ തയ്യാറാകുന്നില്ലെന്ന് ഡൽഹി-നോയിഡ അതിർത്തിയിൽ ഡ്യൂട്ടിയിലുള്ള എൻഫോഴ്‌സ്‌മെന്‍റ് ഓഫീസർ മുകേഷ് പാൽ പറഞ്ഞു.
പൊലീസിന്‍റെ ചെക്ക് പോയ്‌ന്‍റുകളിൽ എത്തുമ്പോൾ മാത്രമാണ് ആളുകൾ മാസ്ക് ധരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.അതേസമയം, ഡൽഹിയിൽ 6,608 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 5,17,238 ആയി.