ന്യൂഡൽഹി: സ്‌നേഹത്തോടെയും കരുതലോടെയും ഒപ്പം സമർപ്പണബോധത്തോടെയും പ്രവർത്തിക്കുന്ന പൊലീസുകാരെ ആളുകൾ പുതിയ കാഴ്‌ചപ്പാടിലൂടെ കാണുന്നുവെന്നത് കൊവിഡ് കാലത്തെ പ്രത്യേകതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഡിയോ പരിപാടിയായ 'മൻ കി ബാത്തി'ന്‍റെ 64-ാം പതിപ്പിലാണ് ഇന്ത്യൻ പൗരന്മാർക്ക് പൊലീസുകാരോട് വന്ന സമീപനത്തിൽ മാറ്റമുണ്ടായെന്ന് മോദി പറഞ്ഞത്. എല്ലാ പ്രതിബന്ധങ്ങളെയും നേരിട്ടുകൊണ്ട് കൊവിഡ് വ്യാപനം തടയുന്നതിനായി പ്രവർത്തിക്കുന്ന രാജ്യമെമ്പാടുമുള്ള പൊലീസ് ഉദ്യോഗസ്ഥരോടുള്ള ഭയവും മിഥ്യാധാരണകളും ഒഴിവാക്കി ജനങ്ങൾ ബഹുമാനത്തോടെ അവരെ നോക്കി കാണുകയാണ്. ലോക്ക് ഡൗണിൽ ആവശ്യക്കാരന് ആഹാരവും മരുന്നും എത്തിച്ച് നൽകി തങ്ങളുടെ മാനുഷിക കരുതലാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ഇങ്ങനെ പൊലീസ് ജനങ്ങളുമായി വികാരാതീതമായ ബന്ധം സൃഷ്‌ടിക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇത് വരും കാലങ്ങളിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ പ്രാപ്‌തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊലീസുകാരെ പോലെ ദുരന്തമുഖങ്ങളിൽ പ്രവർത്തിക്കുന്ന ശുചീകരണ തൊഴിലാളികളെ പൂക്കൾ വിതറി സ്വാഗതം ചെയ്‌തതും മറ്റും കണ്ടിരുന്നു. ഡോക്‌ടർമാർ, ആരോഗ്യ പ്രവർത്തകർ, ശുചീകരണ പ്രവർത്തകർ, പൊലീസുകാർ, സേവന പ്രവർത്തകർ എന്നിവരെയെല്ലാം സമൂഹത്തിൽ പുതിയ മുഖങ്ങളായി അടയാളപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.