അമരാവതി: പേനകൾ എപ്പോഴും ഉപയോഗിച്ച് കഴിഞ്ഞാൽ വലിച്ചെറിയാറാണ് പതിവ്. ഇത്തരം സാധനങ്ങളോട് നിരന്തരമായ ഇഷ്‌ടമൊന്നും അധികമാര്‍ക്കും കണ്ടു വരുന്നില്ല എന്ന് വേണം കരുതാന്‍. ഇങ്ങനെ മാറി വരുന്ന അഭിരുചിയുടെ ഉദാഹരണമാണ് പേനകള്‍. നിബ്ബ് പൊട്ടിയാലോ മഷി കൃത്യമായി പൈപ്പിലൂടെ ഒഴുകി വരാതിരിക്കുകയോ ചെയ്‌താല്‍ ഫൗണ്ടന്‍ പേനകളും മറ്റും നന്നാക്കി എടുക്കുന്ന കാലമുണ്ടായിരുന്നു. എന്നാലിപ്പോള്‍ ആ ശൈലി മാറി. ഒരു പേന കേടു വന്നാല്‍ അത് വലിച്ചെറിഞ്ഞ് ഉടനെ തന്നെ നമ്മള്‍ പുതിയത് വാങ്ങും. എന്നാല്‍ ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് പേനകള്‍ക്കായി ഒരു ആശുപത്രി തന്നെ ഉണ്ട്.
പേനകള്‍ നന്നാക്കുവാന്‍ ഒരു ആശുപത്രി എന്ന് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ വിചിത്രമായി തോന്നാം. പക്ഷെ അഞ്ച് ദശാബ്‌ദങ്ങളായി മായ്‌ക്കാനാവത്ത പ്രശസ്‌തിയാണ് പേന ആശുപത്രി നേടിയെടുത്തിരിക്കുന്നത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ കട അന്വേഷിച്ച് എത്താറുണ്ട്. 1975ല്‍ പൊട്ടുനൂരി രാജാറാവു, പൊട്ടുനൂരി ആനന്ദറാവു എന്നീ സഹോദരന്മാർ ചേർന്നാണ് ഈ പേനക്കട ആരംഭിക്കുന്നത്. ഈ കടയില്‍ എല്ലാതരം പേനകളും നന്നാക്കി കൊടുക്കും. വ്യത്യസ്‌ത തരത്തിലുള്ള പേനകളും ഇവിടെ വില്‍ക്കുന്നുണ്ട്. ഉരകടലാസ്, പോളിഷ് ചെയ്യുന്ന കല്ലുകള്‍, വെള്ളം, ബ്ലെയ്‌ഡ്, മഷി എന്നിവയാണ് പേന നന്നാക്കാനായി ഉപയോഗിക്കുന്നത്. പേനകളുടെ വില്‍പനാനന്തര പരിപാലനം സൗജന്യമായാണ് ചെയ്‌തുകൊടുക്കുന്നത് എന്നതാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. പേന പ്രേമികൾ എന്നും ഈ പേന ആശുപത്രിയോട് കടപ്പെട്ടിരിക്കുന്നു!!