ഹൈദരാബാദ്: നടക്കാനിരിക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ (ജിഎച്ച്എംസി) തെരഞ്ഞെടുപ്പിൽ തെലുങ്ക് നടൻ പവൻ കല്യാണിന്‍റെ രാഷ്‌ട്രീയ പാർട്ടിയായ ജനസേന ഭാരതീയ ജനതാ പാർട്ടിയെ പിന്തുണയ്ക്കും. പവൻ കല്യാണും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ജനസേന ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. തെലങ്കാനയിലും ആന്ധ്രയിലും ബിജെപിയുമായി ജനസേന സഹകരിക്കുമെന്ന് പവൻ കല്യാൺ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഹൈദരാബാദ് ഒരു കോസ്മോപൊളിറ്റൻ നഗരമായി വളരുകയാണെന്ന് പവൻ കല്യാൺ പറഞ്ഞു. ഹൈദരാബാദിൽ ശക്തമായ നേതൃത്വത്തിന്‍റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കേണ്ടതുണ്ട്. ഭാവിയിലെ തെരഞ്ഞെടുപ്പിലും ഇരു പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിച്ച ഒരു വോട്ട് പോലും മറ്റൊരു വഴിക്കും പോകരുതെന്ന് അദ്ദേഹം പറഞ്ഞു. ജനസേന ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കുമെന്ന് പാർട്ടി വക്താവ് നേരത്തെ പറഞ്ഞിരുന്നു.