ഡല്‍ഹി: രാജ്യം സൈനികര്‍ക്ക് പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന സന്ദേശം പാര്‍ലമെന്‍റ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്‍റില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാര്‍ലമെന്‍റിലെ എല്ലാ അംഗങ്ങളും നമ്മുടെ സൈനികര്‍ക്കൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്നതിന് വ്യക്തമായ സന്ദേശം നല്‍കുമെന്ന് വിശ്വസിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്‍റ് സമ്മേളനം വ്യത്യസ്തമായ ഒരു സമയത്താണ് ആരംഭിക്കുന്നത്. കൊവിഡുണ്ട്, ചുമതലയുമുണ്ട്. എംപിമാര്‍ ചുമതലയുടെ പാത തെരഞ്ഞെടുത്തു. അവരെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു. ഇത്തവണ ലോക് സഭയും രാജ്യസഭയും വ്യത്യസ്ത സമയത്താണ് നടക്കുക. ശനി, ഞായര്‍ ദിവസങ്ങളില്‍ സഭ ചേരും. എല്ലാ എംപിമാരും ഇത് അംഗീകരിച്ചുവെന്നും മോദി പറഞ്ഞു. നമ്മുടെ സൈനികര്‍ അവരുടെ മാതൃരാജ്യത്തെ സംരക്ഷിക്കാനുള്ള അഭിനിവേശത്തോടെയും ധൈര്യത്തോടെയും ദൃഢനിശ്ചയത്തോടുംകൂടി അതിര്‍ത്തിയില്‍ ഉറച്ച് നില്‍ക്കുന്നു. പ്രയാസകരമായ സാഹചര്യങ്ങളിലാണ് അവര്‍ നില്‍ക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മഞ്ഞ് വീഴ്ചയും ഉണ്ടാകും. അതേ ദൃഢതയോടുകൂടി തന്നെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികരുടെ പിന്നില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന ഐക്യത്തോടെയുള്ള ശബ്ദത്തില്‍ പാര്‍മെന്‍റില്‍ നിന്ന് ഒരു സന്ദേശം ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോകത്തിന്‍റെ ഏത് കോണില്‍ നിന്നും ഒരു വാക്സിന്‍ എത്രയും വേഗം വികസിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ ശാസ്ത്രജ്ഞര്‍ അതില്‍ വിജയിക്കുമെന്നും മോദി പറഞ്ഞു. കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ നിലനിൽക്കുന്ന സൈനിക നീക്കം കണക്കിലെടുത്താണ് പ്രധാനമന്ത്രിയുടെ സന്ദേശം. ഫിംഗർ ഏരിയ, ഗാൽവാൻ വാലി, ഹോട്ട് സ്പ്രിംഗ്സ്, കോങ്‌റംഗ് നള എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളെച്ചൊല്ലി ഇന്ത്യയും ചൈനയും ഏപ്രിൽ-മെയ് മുതൽ ഏറ്റുമുട്ടലിലാണ്. ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനെത്തുടർന്ന് സ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു.