ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തും. ബോർഡ്, പ്രവേശന പരീക്ഷകൾ തുടങ്ങിയവക്ക് മുന്നോടിയായി പരീക്ഷകളെ എങ്ങനെ അനായാസം നേരിടാം എന്നതിനെക്കുറിച്ച് വിദ്യാർഥികൾക്ക് പ്രധാനമന്ത്രി ക്ലാസുകൾ നൽകും.
പരീക്ഷാ പെ ചർച്ചയുടെ മൂന്നാം പതിപ്പ് ഡൽഹിയിലെ ടോക്കടോറ ഇൻഡോർ സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുക. 2,000 വിദ്യാർഥികളും അധ്യാപകരുമാണ് പരിപാടിയിൽ പങ്കെടുക്കുക. ഇതിൽ 1,050 വിദ്യാർഥികളെ ഉപന്യാസ മത്സരത്തിലൂടെയാണ് പരിപാടിയിലെക്ക് തെരഞ്ഞെടുത്തത്. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിക്കുന്ന പരിപാടി യൂട്യൂബിലും ലഭിക്കും. പരിപാടികള്‍ക്കിടയിൽ പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കേണ്ട വിദ്യാർഥികളെ നേരത്തെ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്തിട്ടുണ്ട്. ഏകദേശം 2.6 ലക്ഷത്തോളം വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുക്കാൻ അപേക്ഷ സമർപ്പിച്ചത്.