ചെന്നൈ; കേരളവും തമിഴ്‌നാടും തമ്മില്‍ വർഷങ്ങളായി തുടരുന്ന പറമ്പിക്കുളം -ആളിയാർ കരാർ തർക്കത്തില്‍ ഉദ്യോഗസ്ഥ തല യോഗം നടന്നു. ചെന്നൈയില്‍ നടന്ന യോഗത്തില്‍, ഇരു സംസ്ഥാനങ്ങളിലെയും ആളുകൾക്ക് പ്രയോജനകരമാകുന്ന പദ്ധതി ഫലപ്രദമായി നടപ്പാക്കണമെന്ന് ആവശ്യം ഉയർന്നു. കഴിഞ്ഞ സെപ്റ്റംബർ 25 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിമാരായ എടപ്പാടി കെ. പളനിസ്വാമിയും പിണറായി വിജയനും തമ്മിൽ നടന്ന യോഗത്തില്‍ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ 10 അംഗ സമിതി രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് തമിഴ്‌നാട്- കേരള സർക്കാരുകൾ രൂപീകരിച്ച കമ്മിറ്റികളുടെ ആദ്യ യോഗം ചെന്നൈയില്‍ നടന്നത്.
യോഗത്തില്‍ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ മണിവാസൻ കരാറില്‍ കേരളത്തിന്‍റെ പങ്കിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങൾ വിശദീകരിച്ചു. കരാറിലെ വിവിധ സാങ്കേതിക വിഷയങ്ങൾ യോഗത്തില്‍ ചർച്ചയായി. കേരളത്തിന് വെള്ളം നല്‍കുന്നത് തുടരുമെന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥർ പറഞ്ഞു. വരൾച്ചാക്കാലത്ത് വെള്ളം കേരളത്തിന് നല്‍കുന്നതിനെ കുറിച്ചും യോഗം ചർച്ച ചെയ്തു. കമ്മിറ്റിയുടെ രണ്ടാം യോഗം അടുത്ത വർഷം ജനുവരി അവസാന വാരത്തിലോ ഫെബ്രുവരി ആദ്യ വാരത്തിലോ തിരുവനന്തപുരത്ത് നടത്താനും ഏകദേശ ധാരണയായി. കോടതിയുടെ പരിഗണനയിലുള്ള വിഷയം ആയതിനാല്‍ യോഗത്തിൽ മുല്ലപെരിയാർ വിഷയം ചർച്ച ചെയ്തിട്ടില്ല.
കേരളവും തമിഴ്‌നാടും നിരവധി നദികളില്‍ നിന്നുള്ള വെള്ളം പങ്കുവെയ്ക്കുന്നുണ്ട്. എന്നാല്‍ ശിരുവാണി, പറമ്പിക്കുളം -ആളിയാർ, ആനമലൈ തുടങ്ങിയ നദികളില്‍ നിന്നുള്ള വെള്ളം പങ്കുവെയ്ക്കുന്ന കാര്യത്തിലാണ് തർക്കമുള്ളത്. മുല്ലപ്പെരിയാർ ഡാമിന്‍റെ ജലനിരപ്പ് വർദ്ധിപ്പിക്കുന്ന വിഷയം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. പറമ്പിക്കുളത്ത് തർക്കം തുടരുന്നതിനാല്‍ വെള്ളം ലഭിക്കാതെ കൃഷി മുടങ്ങുന്ന സാഹചര്യമാണ് പാലക്കാട് ജില്ലയിലെ കർഷകർ നേരിടുന്നത്.