ഹൈദരാബാദ്: തെലങ്കാനയിലെ ശ്രീശൈലം ജലവൈദ്യുത നിലയത്തിലുണ്ടായ തീപിടുത്തത്തിൽ മരണസംഖ്യ ഒൻപത് ആയി. അപകടത്തിന്‍റെ കാരണം കണ്ടെത്താനും പ്രതിരോധ നടപടികൾ നിർദേശിക്കാനും കമ്മിറ്റി രൂപീകരിച്ചു. സീനിയർ എഞ്ചിനീയർമാർ അടങ്ങുന്ന സംഘത്തിനാണ് അന്വേഷണ ചുമതല. കമ്മിറ്റി സംഭവം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്ന് തെലങ്കാന സ്റ്റേറ്റ് പവർ ജനറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (ടിഎസ്-ജെൻകോ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രഭാകർ റാവു പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാന്‍റിലെ രണ്ട് യൂണിറ്റുകളിൽ പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പ്രഭാകർ റാവു പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 25 ലക്ഷം രൂപയും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതേസമയം ശ്രീശൈലം ജലവൈദ്യുത നിലയ അപകടത്തിന്‍റെ അന്വേഷണം ക്രിമിനൽ അന്വേഷണ വിഭാഗം ഏറ്റെടുത്തു. ഓഗസ്റ്റ് 20നാണ് തെലങ്കാനയിലെ നാഗാർക്കർനൂൾ ജില്ലയിലുള്ള പ്ലാന്‍റില്‍ തീപിടുത്തമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും എഞ്ചിനീയർമാരാണ്. സമാനമായ അപകടങ്ങൾ രാജ്യത്ത് നേരത്തെയും നടന്നിട്ടുണ്ട്. 2017ൽ ഉത്തർപ്രദേശിലെ എൻടിപിസി പ്ലാന്‍റില്‍ നടന്ന അപകടത്തിൽ 38 പേർ കൊല്ലപ്പെട്ടിരുന്നു.