ഇസ്ലാമബാദ്: രാജ്യത്തിന്‍റെ തെറ്റായ ഭൂപടം സംപ്രേഷണം ചെയ്തെന്ന് ആരോപിച്ച് പാകിസ്താൻ സർക്കാരിന്‍റെ പിടിവി ന്യൂസ് രണ്ട് മാധ്യമപ്രവർത്തകരെ പുറത്താക്കി. കശ്മീർ ഇന്ത്യയുടെ ഭാഗമായി രേഖപ്പെടുത്തിയെന്നാരോപിച്ചാണ് നടപടി. ജൂൺ ആറിന് നടന്ന സംഭവം ജൂൺ എട്ടിന് പാർലമെന്‍റിൽ ഉന്നയിക്കപ്പെടുകയും വിഷയത്തിൽ നടപടി സ്വീകരിക്കാൻ സെനറ്റ് ചെയർമാൻ സാദിക് സഞ്ജ്രാനി വിവര-പ്രക്ഷേപണ സ്റ്റാൻഡിങ്ങ് കമ്മിറ്റിക്ക് നിർദേശം നൽകുകയും ചെയ്തു.
വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും വീഴ്ചയ്ക്ക് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നും ജൂൺ ഏഴിന് പാകിസ്ഥാൻ ടെലിവിഷൻ (പിടിവി) മാനേജ്മെന്‍റ് സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു. ജോലിയിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാരുടെ വിവരങ്ങൾ പുറത്തവിട്ടിട്ടില്ല. നേരത്തെ ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരി, മനുഷ്യാവകാശ മന്ത്രി ഷിരീൻ മസാരി എന്നിവരും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പാക്കിസ്ഥാൻ ഔദ്യോഗിക ഭൂപടത്തിൽ ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ കശ്മീർ പാകിസ്ഥാന്‍റെ ഭാഗമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.