ന്യൂഡൽഹി: രണ്ട് പതിറ്റാണ്ട് മുമ്പ് കാർഗിലിൽ സംഭവിച്ചതു പോലെ ഇനി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാകിസ്ഥാൻ സൈന്യം ധൈര്യപ്പെടില്ലെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. അതിന്‍റെ അനന്തരഫലങ്ങൾ അവർക്ക് അറിയാം. കാര്‍ഗിലില്‍ പാകിസ്ഥാനെതിരായ ‘ഓപ്പറേഷന്‍ വിജയ്' യുടെ ഇരുപതാം വാര്‍ഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യാതിര്‍ത്തിയില്‍ ശക്തമായ സുരക്ഷയാണ് സൈന്യം കാത്തു സൂക്ഷിക്കുന്നത്. പാകിസ്ഥാന്‍റെ അതിർത്തി പ്രദേശങ്ങളൊന്നും ഞങ്ങൾ അതിക്രമിച്ചു കടക്കുന്നില്ലെന്നും അതിർത്തി പ്രദേശങ്ങളിൽ കൃത്യമായ പട്രോളിംഗ് നടത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
229 സൈനിക ഉദ്യോഗസ്ഥരെ നിലവിലുള്ള സ്റ്റാഫ് നിയമനങ്ങളിൽ നിന്ന് ഓപ്പറേഷൻ തസ്തികകളിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഡൽഹിയിലെ കരസേന ആസ്ഥാനം ചർച്ച ചെയ്യുകയാണെന്നും പ്രതിരോധ മന്ത്രാലയം അംഗീകരിച്ച ഉടൻ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.