പാകിസ്ഥാൻ ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും പാക് അധിനിവേശ -കശ്മീർ നഷ്ടപ്പെടാൻ തയ്യാറാകണമെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ പാക് അധിനിവേശ കശ്മീർ ഇന്ത്യയുടേതായെന്നും പാകിസ്ഥാൻ തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ഭാരത് ഏക്താ മഞ്ച് റാലിയിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശ് മോചിപ്പിക്കപ്പെട്ട 1971ലെ യുദ്ധത്തെക്കുറിച്ച് വിജയ് രൂപാനി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഓർമ്മിപ്പിച്ചു. അതിർത്തിയില്‍ പാകിസ്ഥാൻ നുഴഞ്ഞുകയറ്റവും വെടിനിർത്തല്‍ കരാർ ലംഘനവും തുടരുന്ന സാഹചര്യത്തിലാണ് ബിജെപി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായി വിജയ് രൂപാനിയുടെ പ്രകോപന പ്രസംഗം. ഓഗസ്റ്റിൽ ഇന്ത്യൻ പാർലമെൻ്റ് ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ പാകിസ്ഥാൻ പ്രകോപന നിലപാടുകൾ തുടരുകയാണ്.