കറാച്ചി: പാകിസ്ഥാനെതിരെ ഏപ്രിൽ 16നും 20നും ഇടയിൽ ഇന്ത്യ ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുകയാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ആരോപിച്ചു.
ഇന്ത്യ പാകിസ്ഥാനെതിരെ ആക്രമണം ആസൂത്രണം ചെയ്യുന്നതിന്‍റെ ഇന്‍റലിജൻസ് തെളിവുകൾ പാകിസ്ഥാന്‍റെ പക്കലുണ്ടെന്ന് ഖുറേഷി പറഞ്ഞു. എന്നാൽ എന്തു തെളിവുകളാണ് പാകിസ്ഥാന് ലഭിച്ചിട്ടുള്ളത് എന്നതിനെ കുറിച്ച് ഖുറേഷി വിശദീകരിച്ചില്ല. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നും ഖുറേഷി പറഞ്ഞു. ആരോപണങ്ങളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
പാകിസ്ഥാന്‍റെ എഫ്-16 വിമാനം വെടിവെച്ചിട്ടു എന്ന് വാർത്ത പ്രചരിപ്പിച്ച് ബിജെപി സർക്കാർ യുദ്ധ സമാന അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നും ഖുറേഷി ആരോപിച്ചു. എന്നാൽ പാകിസ്ഥാന്‍റെ എഫ്-16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു എന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നിൽക്കുകയാണ്.
ഫെബ്രുവരി 14ന് പുൽവാമയിൽ പാകിസ്ഥാൻ ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർക്ക് ജീവൻ നഷ്ടപ്പെട്ടത്തിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. തുടർന്ന് ഫെബ്രുവരി 27ന് ഇന്ത്യ പാകിസ്ഥാനിലെ ഭീകര താവളങ്ങൾ നശിപ്പിച്ച് പ്രത്യാക്രമണം നടത്തുകയും ചെയ്തിരുന്നു.