പാക് സൈന്യത്തിന്‍റെ കൈയില്‍ നിന്നും വ്യോമസേനാ പൈലെറ്റ് അഭിനന്ദ് വര്‍ധമാനെ മോചിപ്പിക്കണമെന്നും നയതന്ത്രസഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യ. അതേസമയം അഭിനന്ദന്‍ വര്‍ധമാനെ മുന്‍നിര്‍ത്തി പാകിസ്ഥാന്‍ വിലപേശലിന് നീങ്ങുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ആദ്യം സംഘര്‍ഷ സാഹചര്യത്തിന് അയവുണ്ടാകണമെന്നും പൈലറ്റിന്റെ മോചനം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി. ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാന്‍റെ സമ്മര്‍ദ്ദത്തിന് കീഴടങ്ങേണ്ടതില്ലെന്നും പാക് പ്രകോപനങ്ങളെ ശക്തമായി നേരിടുമെന്നുമാണ് ഇന്ത്യയുടെ നിലപാട്. സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്രമന്ത്രിസഭയുടെ നിര്‍ണായക യോഗം വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേരും.
അതിനിടെ നിയന്ത്രണരേഖയില്‍ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്. പൂഞ്ച് മേഖലയിലാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവയ്പ്പുണ്ടായത്. ഇന്നലെയും പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിരുന്നു. രാവിലെ ആറിന് തുടങ്ങിയ വെടിവയ്പ് ഒരുമണിക്കൂര്‍ നീണ്ടു. സംജോത എക്സ്പ്രസ് സര്‍വീസ് നിര്‍ത്തിയെന്ന് പാക് റെയില്‍വേ അറിയിച്ചു.