ശ്രീനഗർ: ജമ്മു കശ്‌മീരിലെ കത്വ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ശനിയാഴ്‌ച രാത്രി 9.50 ഓടെ ഇന്ത്യൻ സൈന്യത്തിന്‍റെ ഫോർവേഡ് പോസ്റ്റുകൾക്കും ഗ്രാമങ്ങൾക്കും നേരെ പാക്കിസ്ഥാൻ വെടിവയ്പ്പ് നടത്തി. ഹിരാനഗർ സെക്ടറിലെ പൻസാർ, മന്യാരി, കരോൾ കൃഷ്ണ എന്നിവിടങ്ങളിലായി പാക് സൈന്യം വെടിയുതിർത്തതിനെ തുടർന്ന് ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിവയ്പ്പ് ഇന്ന് പുലർച്ചെ 4.15വരെ തുടർന്നു. എന്നാൽ, വെടിവയ്പ്പിൽ ഇന്ത്യൻ സൈന്യത്തിന് നാശനഷ്‌ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ എട്ട് മാസങ്ങളായി പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ നിയമലംഘനം നടത്തുന്നത് അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവരുടെ ജീവിതം ദുരിതത്തിലാക്കുന്നുണ്ട്. പാകിസ്ഥാന്‍റെ മോർട്ടാർ ഷെല്ലിങ്ങിലും വെടിവയ്പ്പിലും പ്രദേശവാസികളുടെ വീടുകളും മറ്റും തകർന്നിരുന്നു.
കഴിഞ്ഞ കുറേ മാസങ്ങളായി പാകിസ്ഥാൻ ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുന്നതിനാല്‍ സുരക്ഷാ സേന അതിർത്തിയിൽ അതീവ ജാഗ്രത പുലര്‍ത്തുകയാണ്.