വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർധമാന്‍റെ പുതിയ ദൃശ്യങ്ങള്‍ പാകിസ്ഥാൻ പുറത്ത് വിട്ടു. അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയതിന് പിന്നാലെയാണ് പാകിസ്ഥാൻ പുതിയ വീഡിയോ പുറത്ത് വിട്ടത്. പതിനെട്ട് തവണ എഡിറ്റുകൾ വരുത്തിയാണ് പുതിയ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോ റെക്കോർഡ് ചെയ്തതിന് ശേഷമാണ് അഭിനന്ദനെ കൈമാറാൻ പാകിസ്ഥാൻ തയാറായതെന്നും റിപ്പോർട്ടുകളുണ്ട്.
നിയന്ത്രണരേഖ ലംഘിച്ച് പാകിസ്ഥാനിലേക്ക് കടന്ന് കയറിയെന്ന് അഭിനന്ദൻ വീഡിയോയിൽ പറയുന്നുണ്ട്. ഇതിനിടയില്‍ തന്‍റെ വിമാനം വെടിവച്ചിട്ടു. പാകിസ്ഥാനിലെ ആൾക്കൂട്ടത്തിനിടയിൽ അകപ്പെട്ടുപോയ തന്നെ സൈന്യം രക്ഷപ്പെടുത്തുകയായിരുന്നു. പാക് സൈന്യം പ്രൊഫഷണലാണെന്നും അവരുടെ പ്രവർത്തനം തന്നെ സ്വാധീനിച്ചുവെന്നും വീഡിയോയിൽ അഭിനന്ദൻ വർധമാൻ വ്യക്തമാക്കുന്നു. വീഡിയോക്കെതിരെ രൂക്ഷവിമർശനമാണ് കേന്ദ്രസർക്കാർ നടത്തിയത്. ബുധനാഴ്ച അഭിനന്ദൻ പിടിയിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ വീഡിയോ പാകിസ്ഥാൻ പുറത്ത് വിട്ടിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.