ജമ്മു: വ്യാഴാഴ്ച ജമ്മുവിലെ നാഗ്രോട്ടയിൽ കൊല്ലപ്പെട്ട നാല് തീവ്രവാദികളുടെ പക്കല്‍ നിന്ന് പാകിസ്ഥാൻ നിർമിത മരുന്നുകൾ കണ്ടെടുത്തു. മരുന്നുകളിൽ നിരവധി പാക്കറ്റ് സർഫി, ഫ്ലാഗൈൽ ഗുളികകൾ, ഡിക്ലോറൻ 75 മില്ലിഗ്രാം കുത്തിവയ്പ്പ് മരുന്ന് എന്നിവയും ഉൾപ്പെടുന്നു. തീവ്രവാദികളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. 6 എകെ 56 റൈഫിൾസ്, 5 എകെ 47 റൈഫിളുകൾ, 1 യുജിബിഐ തോക്ക്, 3 വയർലെസ് സെറ്റുകൾ, 3 പിസ്റ്റളുകൾ, 7 ബാഗുകൾ, 1 ആർഡിഎക്സ്, 1 ബണ്ടിൽ വയർ, 30 ഹാൻഡ് ഗ്രനേഡുകൾ, 3 ബാറ്ററി സെൽ, 6 പുതപ്പുകൾ, 2 റിസ്റ്റ് വാച്ചുകൾ, 2 ആർഡി റിമോട്ടുകൾ, 20 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ, 2 കട്ടറുകൾ, 4 റെയിൻകോട്ടുകൾ, 5 മൊബൈൽ ഫോണുകൾ, 2 കോമ്പസ്, 1 ഡിറ്റണേറ്റർ, എന്നിവയാണ് തീവ്രവാദികളില്‍ നിന്നും കണ്ടെടുത്ത വസ്തുക്കള്‍ .
ജമ്മു ജില്ലയിലെ നാഗ്രോട്ട പ്രദേശത്തെ ബാൻ ടോൾ പ്ലാസയ്ക്ക് സമീപം വ്യാഴാഴ്ച പുലർച്ചെയാണ് തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നത്. മൂന്ന് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. തീവ്രവാദ ഗ്രൂപ്പായ ജയ്ഷെ-ഇ-മുഹമ്മദിൽ നിന്നുള്ളവരാണ് നാല് തീവ്രവാദികളും. ഈ തീവ്രവാദികൾ അടുത്തിടെ ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറിയിരുന്നു. തീവ്രവാദികൾ വലിയ ആക്രമണമാണ് ആസൂത്രണം ചെയ്തതെന്നും കേന്ദ്രഭരണ പ്രദേശത്ത് നടക്കാനിരിക്കുന്ന ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടിരുന്നതായും ജമ്മു സോൺ ഇൻസ്പെക്ടർ ജനറൽ മുകേഷ് സിംഗ് പറഞ്ഞു. അതേസമയം നവംബർ 28 നും ഡിസംബർ 19 നും ഇടയിൽ എട്ട് ഘട്ടങ്ങളിലായാണ് ജമ്മു കശ്മീരിൽ ഡിഡിസി തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 22 ന് വോട്ടെണ്ണൽ നടക്കും.