ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാകിസ്ഥാന്‍ വീണ്ടും വ്യോമപാത നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി അന്താരാഷ്ട്ര വ്യോമയാന സംഘടന (ഐസിഎഒ). ദേശീയ നേതാക്കളെ കൊണ്ടുപോകുന്ന പ്രത്യേക വിമാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഐസിഎഒയുടെ വ്യവസ്ഥകളില്‍ പെടുന്നതല്ലെന്നും അതത് സര്‍ക്കാറുടെ കീഴിലാണെന്നും അന്താരാഷ്‌ട്ര വ്യോമയാന സംഘടന വ്യക്തമാക്കി.
സിവിലിയന്‍ വിമാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് ഐസിഎഒ യുടെ പരിധിയില്‍ പെടുന്നതെന്നും സര്‍ക്കാരുകളുടെയോ സൈന്യത്തിന്‍റെയോ വിമാനങ്ങള്‍ ഇവരുടെ പരിധിയില്‍പെടുന്നതല്ലെന്നും ഐസിഎഒ വക്താവ് അറിയിച്ചു.
പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിനായി വ്യോമപാതക്കുള്ള അനുമതി ആവശ്യപ്പെട്ട് ഇന്ത്യ പാകിസ്ഥാനെ സമീപിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ അനുമതി നിഷേധിക്കുകയാണിണ്ടായത്. ജമ്മുകശ്‌മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്നാരോപിച്ചാണ് പാകിസ്ഥാന്‍ അനുമതി നിഷേധിച്ചത്. ഇത്തരം അനുമതികള്‍ ഏതു രാജ്യങ്ങളും തടസം കൂടാതെ നല്‍കിവരുന്നതാണെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു.