ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന പി ചിദംബരം വീട്ടില്‍ നിന്നുള്ള ഭക്ഷണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ചിദംബരത്തിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി അവസാനിക്കുന്ന ഒക്ടോബര്‍ മൂന്നിന് അപേക്ഷ കോടതി പരിഗണിക്കും. ഇത് രണ്ടാം തവണയാണ് വീട്ടില്‍ നിന്നുള്ള ഭക്ഷണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചിദംബരം കോടതിയെ സമീപിക്കുന്നത്.
ആദ്യം സമര്‍പ്പിച്ച ഹര്‍ജി സെപ്റ്റംബര്‍ 12 ന് കോടതി തള്ളിയിരുന്നു. 74 വയസുള്ള ചിദംബരം വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നായിരുന്നു അഭിഭാഷകരുടെ വാദം. എന്നാല്‍ ഒരാള്‍ക്ക് മാത്രമായി പ്രത്യേക പരിഗണ നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് എല്ലാ തടവ് പുള്ളികള്‍ക്കും രാജ്യത്ത് ഒരേ നിയമമാണെന്ന് കാട്ടി കോടതി ചിദംബരത്തിന്‍റെ ഹര്‍ജി തള്ളുകയായിരുന്നു.