പട്‌ന: ബിഹാറിലെ ഒന്നാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടിങ്ങ് വൈകുന്നേരം ആറ് മണി വരെ തുടരും. സജ്ജമാക്കിയിരിക്കുന്ന 31,380 ബൂത്തുകളിൽ 6,000 എണ്ണം സെൻസിറ്റീവ് വിഭാഗത്തിൽ ഉൾപ്പെടുന്നതാണെന്ന് ബിഹാർ അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കുമാർ സിംഗ് പറഞ്ഞു. 71 നിയോജകമണ്ഡലങ്ങളിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പിൽ നക്സൽ ബാധിത പ്രദേശങ്ങളായ റോഹ്താസ്, കൈമൂർ, ജഹാനാബാദ്, ഭോജ്പൂർ, ഗയ, നവഡ, നളന്ദ, മുൻഗെർ എന്നിവ ഉൾപ്പെടുന്നു.
സുഗമവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈ പ്രദേശങ്ങളിൽ നിന്ന് 1277 അനധികൃത ആയുധങ്ങൾ പിടിച്ചെടുത്തു. കൂടാതെ 65404 ആയുധ ലൈസൻസുകൾ അതത് ജില്ലകളിലെ പൊലീസ് പരിശോധിച്ചു. ഐപിസി സെക്ഷൻ 107 പ്രകാരം സാമൂഹ്യ വിരുദ്ധർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. കൂടാതെ ബിഹാറിൽ മാതൃകാ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയതു മുതൽ 1078728 ലിറ്റർ മദ്യം പിടിച്ചെടുത്തു.
തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾക്കായി ടോൾ ഫ്രീ നമ്പർ 18003451950 ആരംഭിച്ചിട്ടുണ്ട്. ഇതുവഴി, വോട്ടർമാർക്ക് രാവിലെ 7 മുതൽ രാത്രി 9 വരെ ചോദ്യങ്ങൾ ചോദിക്കാൻ കഴിയും.