ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ച ശേഷം അമ്പത് ലക്ഷത്തിലധികം പേർ യാത്ര ചെയ്തതായി വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. 56,792 വിമാനങ്ങൾ ഇതുവരെ സർവീസ് നടത്തിക്കഴിഞ്ഞു. മെയ് 25 നാണ് ആഭ്യന്തര വിമാന സർവീസ് പുനരാരംഭിച്ചത്. ഓഗസ്റ്റ് ഒമ്പതിന് മാത്രം 93,062 യാത്രക്കാരുമായി 911 വിമാനങ്ങൾ സർവീസ് നടത്തി. ആഭ്യന്തര യാത്രക്കാർക്കായി വിവിധ സംസ്ഥാനങ്ങളിലെ ക്വാറന്റൈൻ മാനദണ്ഡങ്ങൾക്കനുസരിച്ച് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) പുതുക്കിയ നിയന്ത്രണങ്ങൾ അറിയിച്ചിരുന്നു.
പല സംസ്ഥാനങ്ങളും കൊവിഡ് പരിശോധന നിർബന്ധമാക്കിയതോടെ എല്ലാ വിമാനത്താവളങ്ങളിലും തെർമൽ സ്ക്രീനിങ് നടത്താൻ തീരുമാനിച്ചു. യാത്രക്കാർ ആരോഗ്യ സേതു ആപ്പ് നിർബന്ധമായും ഡൗൺലോഡ് ചെയ്തിരിക്കണമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ചതോടെയാണ് മാർച്ച് മുതൽ ആഭ്യന്തര, ആന്തർദേശീയ വിമാന സർവീസുകൾ നിർത്തലാക്കിയത്.