ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരുലക്ഷത്തിലധികം പേർ കൊവിഡ് മുക്തരായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒരു ദിവസത്തിൽ രോഗമുക്തരാകുന്നവരുടെ എണ്ണത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 45 ലക്ഷത്തോട് അടുത്തതായി മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 44,97,867 പേരാണ് രാജ്യത്ത് രോഗ മുക്തരായത്. 80.86 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
പുതിയതായി രോഗമുക്തരായവരിൽ 79 ശതമാനവും കർണാടക, യുപി, ആന്ധ്രാ പ്രദേശ്, തമിഴ്നാട്, ഒഡിഷ, ഡൽഹി, കേരള, പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ 32,000 പേർ പുതിയതായി രോഗമുക്തി നേടി. ആന്ധ്രാ പ്രദേശിൽ 1000 പേർ രോഗമുക്തരായി. രാജ്യത്തെ മരണ നിരക്ക് 1.59 ആണ്. അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 75,083 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു.