ഹൈദരാബാദ്: തെലങ്കാനയിലെ ഒസ്മാനിയ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട ആശുപത്രികളിൽ 32 ഡോക്ടർമാർ കൊവിഡ് സ്ഥിരീകരിച്ചതായി തെലങ്കാന-ജൂനിയർ ഡോക്ടേഴ്‌സ് അസോസിയേഷൻ അറിയിച്ചു. സംസ്ഥാനത്ത്, പ്രത്യേകിച്ചും ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ പ്രദേശത്ത് കൊവിഡ് കേസുകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണെന്നും നിരവധി പരിശോധന റിപ്പോർട്ടുകൾ ലഭിക്കാനുണ്ടെന്നും അസോസിയേഷൻ പ്രസിഡന്റ് ഉമാ നാഗേന്ദ്ര വിഷ്ണു പറഞ്ഞു. രോഗവ്യാപനം ഒഴിവാക്കുന്നതിന് എല്ലാ ആരോഗ്യ പ്രവർത്തകരോടും സ്വയം പ്രഖ്യാപിത ക്വാറന്റൈൻ ഷിഫ്റ്റ് തുടരാനും ഏഴ് ദിവസമെങ്കിലും നിരീക്ഷണ കാലാവധി തുടരാനും നിർദേശിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളിലേക്ക് രോഗം പകരുമോയെന്ന ആശങ്കയിലാണ് പല ആരോഗ്യപ്രവർത്തകരും. അതിനാൽ ആവശ്യമായവർക്ക് താമസസൗകര്യം ഒരുക്കാൻ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ആരോഗ്യപ്രവർത്തകർക്ക് നൽകുന്ന പിപിഇ കിറ്റുകളും എൻ-95 മാസ്കുകളും ഗുണനിലവാരമില്ലാത്തവയാണെന്നും അദ്ദേഹം ആരോപിച്ചു.