ന്യൂഡല്‍ഹി: കാര്‍ഷിക ബില്‍ അവതരണത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സസ്പെന്‍ഷനിലായ എംപിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷം ലോക്‌സഭ ബഹിഷ്കരിച്ചു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്‌പി, ടിആര്‍എസ് എംപിമാരാണ് സഭ ബഹിഷ്‌കരിച്ചത്. എട്ട് എംപിമാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തതോടെ സഭ വിട്ടിറങ്ങാന്‍ തങ്ങളും നിര്‍ബന്ധിതരായെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി.
രാജ്യസഭയിലെ നടപടികള്‍ പരാമര്‍ശിക്കരുതെന്ന സ്പീക്കര്‍ ഓം ബിര്‍ളയുടെ നിര്‍ദേശം അവഗണിച്ച് വന്‍ പ്രതിഷേധമാണ് എംപിമാര്‍ ലോക്‌സഭയില്‍ ഉയര്‍ത്തിയത്. എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നീന്ന് നീക്കം ചെയ്യുമെന്ന് സ്പീക്കര്‍ അറിയിച്ചു. സഭ വിട്ടിറങ്ങിയതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നു.