ഹോട്ടലിലെ മെനുവില്‍ നിന്ന് ഒനിയര്‍ ദോശ എന്ന ഇനം വെട്ടിയിട്ടിരിക്കുന്നു. ഈ വാര്‍ത്ത വന്നിട്ട് അധിക സമയമായിട്ടില്ല. അതിന് കാരണക്കാരന്‍ ഒരേ ഒരാളാണ് ഉള്ളി. ഉള്ളി മാത്രം...
എവിടെയും ഉള്ളിയെ കാണാനില്ല... എങ്ങനെ കാണും ഉള്ളിക്ക് പറയാനുള്ള കഥകള്‍ കേട്ടാല്‍ പിന്നെ കാണാനേ തോന്നില്ല. അത്രമാത്രം രാഷ്ട്രീയ കഥകള്‍ ഉള്ളിക്ക് പറയാനുണ്ട്. ഇപ്പോള്‍ മോദി സര്‍ക്കാരിനെ തീര്‍ത്തും ആശങ്കയിലാഴ്ത്തിക്കൊണ്ട് ഉള്ളി വില കുതിച്ചുയരുകയാണ്. ഭക്ഷണത്തില്‍ മുങ്ങിത്തപ്പിയാലും ഉള്ളിയെ കാണാനേയില്ല. ഒടുവില്‍ പ്രതിസന്ധി മറി കടക്കാന്‍ ഈജിപ്തില്‍ നിന്നും ഇറക്കുമതി ചെയ്യാനാണ് അവസാന തീരുമാനം. വില വര്‍ധന നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്രം നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അധികാര കസേരകളിലേക്ക് എത്തിക്കാനും ഉണ്ടായിരുന്ന കസേരയില്‍ നിന്ന് താഴേക്ക് വീഴാനുമൊക്കെ ഈ ഒരു ഭീകരന്‍ മതിയെന്നതാണ് മുന്‍കാല ചരിത്രം പറയുന്നത്.
2013ലാണ് ഇതിന് മുമ്പ് ഉള്ളി വില ഏറ്റവും ചര്‍ച്ചയായത്. സവാളയുടെ വില കിലോക്ക് 100 രൂപയിലെത്തിയ വര്‍ഷം. എവിടെയും ചര്‍ച്ച ഉള്ളി തന്നെയായിരുന്നു. മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഒക്കെ. ഒടുവില്‍ കൂട്ടായ ആക്രമണത്തില്‍ ഉള്ളിയില്‍ കണ്ണ് പൊകഞ്ഞ് യുപിഎ സര്‍ക്കാരിന്‍റെ അധികാര പതനത്തിലാണ് കാര്യങ്ങള്‍ എത്തിച്ചത്. ഉള്ളി ഉല്‍പ്പാദിപ്പിക്കുന്ന മേഖലകളിലെ കനത്ത മഴയാണ് യുപിഎ സര്‍ക്കാരിനെ ചതിച്ചത്. യുപിഎ സര്‍ക്കാരിനെതിരെ ബിജെപി ഉയര്‍ത്തിപ്പിടിച്ച പ്രധാന ആയുധങ്ങളില്‍ ഒന്നായിരുന്നു ഉള്ളി.
2010ലാണ് അതിന് മുമ്പ് ഉള്ളി ചതിച്ചത്. മഹാരാഷ്ട്രയില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും തുടര്‍ന്നു. ഉള്ളി കര്‍ഷകരും മറ്റ് കര്‍ഷകരും ഒക്കെ ആശങ്കയിലായി. ഈ സീസണിൽ കടുത്ത വരൾച്ചയും വെള്ളപ്പൊക്കവും മഹാരാഷ്ട്ര നേരിട്ടിട്ടുണ്ട്. രണ്ടാമത്തേത് ഉള്ളി ഉൽപാദനത്തെ പ്രത്യേകിച്ച് സ്വാധീനിക്കുകയും വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്തു. നിലവിലെ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്ന അതേ മാര്‍ഗമാണ് അന്നത്തെ യുപിഎ സര്‍ക്കാരും ചെയ്തത്. ഉള്ളി വില കിലോഗ്രാമിന് 90 രൂപയിലെത്തിയ സമയമായിരുന്നു അത്. ആദ്യം ചെയ്തത് കയറ്റുമതി നിരോധിക്കുകയും ഇറക്കുമതി നികുതി കുറക്കുകയും ചെയ്തു. ഇറക്കുമതി കയറ്റുമതി നയങ്ങളാണ് അന്ന് ഏറ്റുമുട്ടിയത്. അത് തന്നെ ഇപ്പോഴും ആവര്‍ത്തിക്കുന്നു.
1998ലെ അവസ്ഥയെക്കുറിച്ച് അരവിന്ദ് കേജ്‌രിവാള്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ആ വര്‍ഷം അവസാനം രാജസ്ഥാനിലെയും ഡല്‍ഹിയിലെയും തെരഞ്ഞെടുപ്പിനെ നിയന്ത്രിച്ചതും ഉള്ളി തന്നെ. സുഷമ സ്വരാജിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനാണ് തിരിച്ചടിയായത്. അന്ന് ബിജെപി പരാജയപ്പെടുക മാത്രമല്ല ഡല്‍ഹിയില്‍ പിന്നീട് ഒരിക്കലും അധികാരത്തിലെത്താന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്നുമുള്ളതാണ് വാസ്തവം. ഷീലാ ദീക്ഷിത്ത് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതോടെ തുടർച്ചയായി രണ്ട് തവണ കൂടി കോൺഗ്രസ് ദില്ലി നിലനിർത്തുകയാണുണ്ടായത്.
ഇതുവരെ പറഞ്ഞത് ഉള്ളി വില വര്‍ധനയില്‍ അധികാരത്തില്‍ നിന്ന് താഴെപ്പോയവരുടെ കഥയാണ്. എന്നാല്‍ ഇത് അനുഗ്രഹമായ ഒരു സമയമുണ്ട്. യുപി സര്‍ക്കാരിനെ താഴെയിറക്കിയ മോദി സര്‍ക്കാരിനെപ്പോലെ ഗുണം ചെയ്ത സമയം. അത് ഇന്ദിരാഗാന്ധിക്കാണ്. 1980ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയെ അധികാരത്തില്‍ തിരിച്ചെത്തിച്ച മഹാനാണ് ഉള്ളി. 1977 ലെ തെരഞ്ഞെടുപ്പില്‍ സവാള തെരഞ്ഞെടുപ്പ് എന്ന് വിളിക്കുന്ന തെരഞ്ഞെടുപ്പിലും ജനതാ സര്‍ക്കാരിനെതിരെ ഇന്ദിരാഗാന്ധി ആഞ്ഞടിച്ചത് ഭക്ഷ്യവില പെരുപ്പമാണ്.
ഫെഡറൽ ബഫർ സ്റ്റോക്കുകളിൽ നിന്നും കൂടുതൽ വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയും ഉള്ളി വില ഉയർത്തുന്നത് തടയുന്നതിനായി ഹോർഡിംഗിനെ തടയുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്‌തു. നിരവധി ഉപതെരഞ്ഞെടുപ്പുകൾക്കൊപ്പം മഹാരാഷ്ട്രയിൽ ഇതിനകം തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, നിലവിലെ സർക്കാർ പ്രകൃതിയുടെ ഇരട്ടത്താപ്പും ഉയർന്ന വിലയും നേരിടുന്ന ജനങ്ങളിൽ നിന്ന് ഒരു ജനവിധി തേടുന്നതിനാൽ ബിജെപിക്ക് ആശങ്കയുണ്ടാകുന്നതില്‍ അതിശയോക്തി ഒന്നുമില്ല.
കോൺഗ്രസിന്റെയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെയും വീക്ഷണകോണിൽ നിന്ന് നോക്കിയാൽ ഉയർന്ന ഉള്ളി വില അവരുടെ വലിയ സഖ്യകക്ഷിയാകും. ബിജെപി-ശിവസേന കൂട്ടുകെട്ടിനെതിരെയുള്ള ചെറിയൊരു തിരിച്ചടിയായി കോണ്‍ഗ്രസ് ഉള്ളിയെ കണ്ടാലും അതിശയിക്കേണ്ടതില്ല.