ഷിംല: അനധികൃതമായി ലഹരി വസ്തുക്കള്‍ വിതരണം ചെയ്തതിന് മൂന്നു വിദേശികളെ ഹിമാചൽ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യുവാക്കൾക്ക് ഹെറോയിൻ വിതരണം ചെയ്തുവെന്നാരോപിച്ച് രണ്ട് ഐവറി കോസ്റ്റ് സ്വദേശികളെയും ഒരു നൈജീരിയന്‍ സ്വദേശിയെയുമാണ് ഡല്‍ഹിയിലെ നവാഡയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ജീൻ ക്ലോഡ് (36), കൊവാക്കു സിപ്രിയൻ (30), ചുക്വു, തോബിയാസ് നവാചുക്വ (40) എന്നിവര്‍ക്കെതിരെ നാർക്കോട്ടിക് ഡ്രഗ്‌സ് ആന്‍റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എൻഡിപിഎസ്) നിയമത്തിലെ സെക്ഷൻ 29 പ്രകാരം കേസെടുത്തു.
പാസ്‌പോർട്ടോ വിസയോ ഇല്ലാതെ ചുക്വു അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്നത് കണ്ടെത്തിയതിനാല്‍ സെക്ഷൻ 14 പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. മറ്റ് രണ്ടു പേരും ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയതെന്നും എസ്‌പി ഗൗരവ് സിംങ് പറഞ്ഞു. കഴിഞ്ഞ വർഷം ജൂലൈ മുതൽ ലഹരി വസ്തുക്കള്‍ വിതരണം ചെയ്തതിന് കുളുവിൽ നിന്ന് പൊലീസ് പിടികൂടിയ വിദേശികളുടെ എണ്ണം 20 ആയി ഉയർന്നെന്നും എസ്‌പി ചൂണ്ടിക്കാട്ടി.