ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. ഞായറാഴ്ച 80 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,431 ആയി ഉയർന്നു.
12 മരണങ്ങൾ ഉൾപ്പെടെ 526 കേസുകളാണ് ജയ്പൂരിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ശനിയാഴ്ച മരിച്ച 62കാരനെ ഏപ്രിൽ 16 നാണ് പനിയും ശ്വാസതടസവും മൂലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രി അദ്ദേഹം മരിച്ചു.
പുതിയതായി രോഗം കണ്ടെത്തിയിട്ടുള്ള 80 പേരിൽ 30 പേർ ജോധ്പൂരിൽ നിന്നാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി രോഹിത് കുമാർ സിംഗ് അറിയിച്ചു. ചികിത്സയിൽ ഇരിക്കെ 302 രോഗികൾക്കാണ് കൊവിഡ് നെഗറ്റീവ് ആയത്. ഇതിൽ 97 പേർ ആശുപത്രി വിട്ടു. രാജസ്ഥാനിലെ മൊത്തം കൊവിഡ് രോഗികളിൽ രണ്ട് പേർ ഇറ്റാലിയൻ പൗരന്മാരാണ്. കൂടാതെ ഇറാനിൽ നിന്നും ജോധ്പൂരിലെ കരസേന ആരോഗ്യ കേന്ദ്രങ്ങളിലേക്ക് എത്തിച്ച 60 പേരും ഇതിൽ ഉൾപ്പെടുന്നു.