ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരു കോടി രൂപ വിലമതിക്കുന്ന 650 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. നഗരത്തിലെ എൻഎച്ച് 24 ൽ സ്ഥിതി ചെയ്യുന്ന വേവ് സിറ്റി കോളനിക്കടുത്ത് ഒഡീഷ രജിസ്ട്രേഷൻ വാഹനത്തിൽ കഞ്ചാവുള്ളതായി കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കവി നഗർ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.
26 ചാക്കുകളിലായാണ് 650 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വാഴപ്പഴത്തിനും പച്ചക്കറികൾക്കും ഇടയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കണ്ടെത്തിയ ലോറിക്ക് മുമ്പിൽ കഞ്ചാവ് വാങ്ങാനെന്ന് കരുതപ്പെടുന്ന രണ്ട് പേർ ഉണ്ടായിരുന്നെന്നും പൊലീസ് എത്തിയ ഉടൻ ഇവർ രക്ഷപ്പെട്ടതായും അധികൃതർ പറഞ്ഞു
ഒക്ടോബർ ഒന്നിനാണ് ഒഡീഷയിലെ ഖോറ പൂത്തിൽ നിന്നാണ് കഞ്ചാവ് കയറ്റിയ വണ്ടി പുറപ്പെട്ടതെന്ന് അറസ്റ്റിലായ ട്രക്ക് ഡ്രൈവർ ദശരത് ഖുര പൊലീസിനോട് പറഞ്ഞു.