ഭോപ്പാല്‍: ബീഫ് കടത്തിയെന്നാരോപിച്ച് സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം തല്ലിച്ചതച്ചു. മധ്യപ്രദേശിലെ സിയോണിയിലാണ് മുസ്ലിം കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ തടഞ്ഞുനിര്‍ത്തിയായിരുന്നു മര്‍ദ്ദനം. ഇവരുടെ പക്കൽ ഗോമാംസം ഉണ്ടെന്നാരോപിച്ച് വടി കൊണ്ട് മർദ്ദിച്ച ശേഷം റോഡിലൂടെ വലിച്ചിഴക്കുകയും മരത്തിൽ കെട്ടിയിടുകയും ചെയ്തു. തുടർന്ന് നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
സംഭവത്തില്‍ രാംസേന നേതാവ് ശുഭം ഭാഗേല്‍ ഉള്‍പ്പടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമാനമായ കേസുകളില്‍ ഭാഗേലിനെ ഇതിനു മുമ്പും അറസ്റ്റ് ചെയ്തിട്ടുണ്ട്. മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇയാൾ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇത് വൈറലായതോടെയാണ് പൊലീസ് നടപടിയെടുത്തത്.