കാഠ്‌മണ്ഡു: 71-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നേപ്പാളിലെ ആശുപത്രികൾക്കും ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്കും ആംബുലൻസും ബസും നൽകി ഇന്ത്യ. 30 ആംബുലൻസുകളും ആറ് ബസുകളുമാണ് വിവിധ ആശുപത്രികൾക്കും ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി നൽകിയത്. സാമൂഹിക-സാമ്പത്തിക വികസനത്തിലേക്കുള്ള യാത്രയിൽ നേപ്പാളുമായി പങ്കാളിയാകുന്നതിന്‍റെ ഭാഗമായാണ് ആംബുലൻസും ബസുകളും സമ്മാനിച്ചത്. ഇന്ത്യ ഇതുവരെ 782 ആംബുലൻസുകളും 154 ബസുകളും നേപ്പാളിലെ 77 ജില്ലകളിലായി വിതരണം ചെയ്തിട്ടുണ്ട്. നേപ്പാൾ സൈനികരുടെ വിധവകൾക്ക് 5.97 കോടിയുടെ സാമ്പത്തിക സഹായവും ഇന്ത്യൻ സർക്കാർ നൽകിയിട്ടുണ്ട്. നേപ്പാളിലെ വിവിധ വായന ശാലകൾക്കും വിദ്യാഭ്യാസ സ്ഥാനപങ്ങൾക്കും പുസ്തക വിതരണവും നടത്തി.
കാഠ്‌മണ്ഡുവിലെ ഇന്ത്യൻ എംബസിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എംബസിയിലെ ചാർജ് ഡി അഫയേഴ്‌സ് അജയ് കുമാർ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. തുടർന്ന് പ്രസിഡന്‍റ് രാം നാഥ് കോവിന്ദിന്‍റെ സന്ദേശം വായിച്ചു. ഇന്ത്യാ ഹൗസിൽ നടത്തിയ റിപ്പബ്ലിക് ദിന വിരുന്നിൽ നേപ്പാൾ വൈസ് പ്രസിഡന്‍റ് നന്ദ ബഹദൂർ പുൻ മുഖ്യാതിഥിയായി. നേപ്പാളിലെ രാഷ്ട്രീയ നേതാക്കളും വിവിധ രംഗങ്ങളിലെ പ്രമുഖരും ഉൾപ്പെടെ 1500ഓളം പേരാണ് ചടങ്ങിൽ പങ്കെടുത്തത്.