ന്യൂഡൽഹി: പുതുതായി 4,970 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. രാജ്യത്ത് ലോക്ക് ഡൗണിന്‍റെ 56-ാം ദിവസം എത്തിയപ്പോഴേക്കും മൊത്തം 1,01,139 വൈറസ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 134 രോഗികൾ കൂടി വൈറസിന് കീഴടങ്ങിയതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 3,163 ആയി ഉയർന്നു.
39,174 രോഗികളാണ് ഇതുവരെ കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹരാഷ്ട്രയിലാണ്. ഇവിടെ 35,058 വൈറസ് കേസുകളാണുള്ളത്. 1,249 പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. മഹാരാഷ്‌ട്രക്ക് തൊട്ടുപിന്നിലായി 11,760 വൈറസ് ബാധിതരുള്ള തമിഴ്‌നാടും 11,745 കേസുകളുള്ള ഗുജറാത്തുമുണ്ട്. കൊവിഡിന്‍റെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ നാലാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മെയ് 31 വരെയാണ് കേന്ദ്ര സർക്കാർ ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്.