ന്യൂഡൽഹി: സംസ്ഥാനത്തെ പാര്‍ലമെന്‍റ്, അസംബ്ലി നിയോജകമണ്ഡലങ്ങള്‍ പുനര്‍നിര്‍ണയം ചെയ്യുന്നതിനുള്ള ഡിലിമിറ്റേഷൻ കമ്മിഷനെ നയിക്കുന്നതിനായി ലോക്സഭ സ്പീക്കർ ഓം ബിർള 15 എംപിമാരെ അസോസിയേറ്റ് അംഗങ്ങളായി നാമനിർദേശം ചെയ്തു.
ജമ്മു കശ്മീർ, അസം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള എംപിമാരെയാണ് നാമനിർദേശം ചെയ്തിരിക്കുന്നത്. ഇവർക്കൊപ്പം ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അസോസിയേറ്റ് അംഗങ്ങളായി നിർദേശിച്ചിട്ടുണ്ട്.
കേന്ദ്ര സഹമന്ത്രി കിരൺ റിജിജു, കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്, മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, ബാരാമുള്ള എംപി മുഹമ്മദ് അക്ബർ ലോൺ, അനന്ത്നാഗ് എംപി ഹസ്നെയ്ൻ മസൂദി, ജമ്മു-പൂഞ്ച് പാർലമെന്റ് സീറ്റ് എംപി ജുഗൽ കിഷോർ ശർമ എന്നിവരാണ് ലോക്സഭ സ്പീക്കർ നാമനിർദേശം ചെയ്തവരിൽ ചിലർ. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിൽ മാർച്ച് ഏഴിനാണ് ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ചത്.