സിൽചാർ: അന്തർ സംസ്ഥാന അതിർത്തിയോട് ചേർന്നുള്ള കാച്ചാർ ജില്ലയിലെ ലൈലാപൂരിൽ അസമിലെയും മിസോറാമിലെയും ഉദ്യോഗസ്ഥർ തിങ്കളാഴ്ച ചർച്ച നടത്തി. കഴിഞ്ഞ ദിവസം അതിർത്തി പ്രദേശത്തുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അന്തർ സംസ്ഥാന അതിർത്തിയിൽ സമാധാനവും സുരക്ഷയും നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് ഇരുപക്ഷവും അറിയിച്ചു.
അതിർത്തിയിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും അതിർത്തിയിൽ അകപ്പെട്ട ട്രക്കുകളുടെ നീക്കത്തിന് അടിയന്തര നടപടികൾ കൈക്കൊള്ളാനും പോയിന്‍റ്-ടു-പോയിന്‍റ് അകമ്പടി നൽകാനും ഉദ്യോഗസ്ഥർ തീരുമാനിച്ചു. വൈകുന്നേരം വരെ ട്രക്കുകളുടെ തടസരഹിതമായ ചലനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നതായി അസം അധികൃതർ അറിയിച്ചു. 300 ട്രക്കുകൾ വൈകുന്നേരം മിസോറാമിൽ നിന്ന് അസമിലേക്കുള്ള യാത്ര ആരംഭിച്ചതായും അവശ്യവസ്തുക്കൾ വഹിക്കുന്ന ട്രക്കുകൾ ഉടൻ പുറപ്പെടുമെന്നും രാംദിൻലിയാനി പറഞ്ഞു.
അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന ട്രക്കുകളുടെ ചലനം ഉറപ്പാക്കാൻ സമഗ്രമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അസമിലെ ഡിജിപി സ്‌പെഷ്യൽ (ബോർഡർ) മുകേഷ് അഗർവാൾ പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലെയും ജില്ലാ ഉദ്യോഗസ്ഥർ തമ്മിൽ നടന്ന യോഗത്തിൽ ട്രക്കേഴ്‌സ് അസോസിയേഷനും പങ്കെടുത്തു. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനായി സേവനങ്ങൾ പുനഃരാരംഭിക്കാൻ നിർദേശം നൽകിയതായി അസം സർക്കാർ അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇന്ത്യൻ റിസർവ് ബറ്റാലിയൻ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ അക്രമബാധിത പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. അസം, മിസോറാം മുഖ്യമന്ത്രിമാരായ സർബാനന്ദ സോനോവാൾ, സോറംതംഗ എന്നിവരും വിഷയം ചർച്ച ചെയ്തു.