ഭുവനേശ്വർ: ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചവരുടെ ചലനം നിരീക്ഷിക്കാൻ മൊബൈൽ അപ്ലിക്കേഷനുമായി യുവ എൻജിനീയർ. ടീസാഡ്സ് കമ്പനിയുടെ സിഇഒ സ്വാദിൻ നായകാണ് സ്വസ്ഥ് എന്ന പേരിൽ ആപ്പ് വികസിപ്പിച്ചത്. നിരീക്ഷണത്തിൽ കഴിയുന്നവർ ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ നിന്ന് മുങ്ങുന്ന പ്രവണത വർധിച്ചതിനെ തുടർന്നാണ് ഇങ്ങനെയൊരു ആശയവുമായി സ്വാദിൻ നായക് മുന്നോട്ടെത്തിയത്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് കുടിയേറ്റക്കാർ തിരിച്ചെത്തിയതിനെത്തുടർന്ന് ഒഡീഷയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടായെന്ന് അധികൃതർ അറിയിച്ചിരുന്നു. ജനങ്ങൾ കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കാത്തതും വെല്ലുവിളി ഉയർത്തുന്നുണ്ട്.
നിലവിൽ ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആപ്ലിക്കേഷൻ ഉപയോഗിച്ചു വരുന്നത്. ഹോം ക്വാറൻറൈനിൽ കഴിയുന്നവരുടെ സെൽഫോണുകളിൽ ജില്ലാ ഭരണകൂടം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നു. ഇതുവഴി ഇവരുടെ ചലനം നിരീക്ഷിക്കാൻ അധികൃതർക്ക് കഴിയും. ആപ്ലിക്കേഷൻ ഉപയോഗപ്രദമാണെന്ന് അധികൃതർ അറിയിച്ചു.