ഭുവനേശ്വർ: മുൻ കാമുകിയുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ഒഡീഷ സ്വദേശി അറസ്റ്റിൽ. കാന്തിഗാഡിയ-മലന്ദാപൂർ പ്രദേശവാസിയായ ഇരുപത്തേഴുകാരനാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ ഇന്ത്യൻ പീനൽ കോഡ്, ഐടി ആക്‌ട് എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇരുപത്തിമൂന്നുകാരിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ വർഷമാണ് പ്രതിയുമായി യുവതി അടുപ്പത്തിലായത്. ഇതിനിടെ യുവാവിൽ നിന്നും പെൺകുട്ടി പണം കടം വാങ്ങി. ഇത് തിരിച്ചു നൽകാതെയിരിക്കെ യുവതി മറ്റൊരാളുമായി അടുപ്പത്തിലായെന്നും മുൻ കാമുകനെ ഒഴിവാക്കാൻ ശ്രമം നടത്തിയതായും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നതിന്‍റെ പ്രതികാരമായാണ് യുവാവ് പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും യുവതിയുടെ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്‌തതെന്ന് പൊലീസ് അറിയിച്ചു.