ഭുവനേശ്വര്‍: കൊവിഡ് 19 രോഗത്തിന്‍റെ പശ്ചാത്തലത്തില്‍ ഒഡീഷയിലെ ധാമ്ര തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഹോങ്കോങ് കപ്പലുകളില്‍ ആശങ്ക പ്രകടിപ്പിച്ച് ജനങ്ങൾ. തീരത്തടുപ്പിച്ചിരിക്കുന്ന രണ്ട് കപ്പലുകളിലൂടെ കൊറോണ വൈറസ് പകരുമോയെന്ന ആശങ്കയാണ് ഭദ്രക് ജില്ലയിലെ ജനങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ കപ്പല്‍ ജീവനക്കാരെ പരിശോധനക്ക് വിധേയമാക്കിയതായും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഭദ്രക് അഡീഷണൽ ഡിസ്ട്രിക്‌ട് മജിസ്‌ട്രേറ്റ് ശ്യാംഭക്ത് മിശ്ര അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ധാമ്ര പോർട്ട് കമ്പനി ലിമിറ്റഡുമായി ചര്‍ച്ച നടത്തിയതായും ഇദ്ദേഹം അറിയിച്ചു. ഇമിഗ്രേഷൻ പാസുകളില്ലാത്തതിനാൽ ജീവനക്കാരെ കപ്പലിൽ നിന്ന് ഇറങ്ങാൻ അനുവദിക്കില്ലെന്ന് തുറമുഖ അധികൃതർ വ്യക്തമാക്കി.
അതേസമയം ചൈനയിലെ വുഹാനില്‍ നിന്നും മടങ്ങിയെത്തിയ ഒഡീഷ സ്വദേശികൾ ന്യൂഡല്‍ഹിയിലെ നിരീക്ഷണത്തിന് ശേഷം ഒഡീഷയിലെ വീട്ടില്‍ തിരിച്ചെത്തി. ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും. ഇതോടെ സംസ്ഥാനത്ത് വീട്ടില്‍ നിരീക്ഷത്തിലുള്ളവരുടെ എണ്ണം നൂറായി. കൊറോണ വൈറസ് പരിശോധനക്കായി അയച്ച ഏഴ് സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.