ഭുവനേശ്വർ: ഗുജറാത്തിൽ കുടുങ്ങി കിടക്കുന്ന ഒഡീഷ ജനതയെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിനായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി ചർച്ച നടത്തി. 'തിരികെ എത്താൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. പിന്നീട് ഇവർക്ക് വേണ്ടി പ്രത്യേക ബസ് സർവീസുകൾ ക്രമീകരിക്കും. തിരിച്ചെത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കും'. ഒഡീഷ മുഖ്യമന്ത്രി പറഞ്ഞു.
തൊഴിലാളികളെ ബസ് വഴി അയക്കുന്നതിനായുള്ള കൂടിയാലോചനകൾ നടക്കുകയാണെന്നും മൂന്ന് ദിവസത്തിനുള്ളിൽ അവർ ഒഡീഷയിൽ എത്തുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി അറിയിച്ചു. ഗുജറാത്തിൽ നിന്നും മടങ്ങി എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ട് സംസ്ഥാനങ്ങളിൽ നിന്നുമുള്ള നാല് മുതിർന്ന ഉദ്യോഗസ്ഥരുടെ ഏകോപന സമിതി രൂപീകരിക്കും. കുടിയേറ്റ തൊഴിലാളികളെ കയറ്റി അയക്കുന്ന ബസുകൾക്ക് റോഡ് നികുതി ഇളവ് നൽകണമെന്ന് മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാന സർക്കാരുകളോട് അഭ്യർഥിക്കും. വീഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച നടന്നത്. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ചർച്ചയിൽ പങ്കെടുത്തു.