ഭുവനേശ്വർ: ഒഡിഷയിൽ പുതിയതായി 146 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 4,000 കടന്നു. ഒടുവിൽ കൊവിഡ് പോസിറ്റീവായവരിൽ ദുരന്ത നിവാരണ സേനയിലെ ഒമ്പത് ഉദ്യോഗസ്ഥർ കൂടി ഉൾപ്പെടുന്നു. പശ്ചിമ ബംഗാളിൽ ഉംപുൻ വീശിയടിച്ചതിന് ശേഷം പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഒമ്പത് പേർക്കാണ് രോഗം ബാധിച്ചത്.
ഇതോടെ കൊവിഡ് ബാധിതരാകുന്ന ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥരുടെ എണ്ണം 158 ആയി. 4,055 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. പുതിയതായി റിപ്പോർട്ട് ചെയ്ത കേസുകളിൽ 128 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരാണ്. സമ്പർക്കം വഴി 18 പേർക്കും രോഗം ബാധിച്ചിട്ടുണ്ട്. നിലവിൽ 1,333 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്. 2,708 പേർക്കും രോഗം ഭേദമായി. എന്നാൽ 11 പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.