കൊൽക്കത്ത: പശ്ചിമ ബംഗാളിലും എൻആർസി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ ചൊവ്വാഴ്‌ച നടന്ന സെമിനാറില്‍ സംസാരിക്കവേയായിരുന്നു അമിത് ഷായുടെ പ്രസ്‌താവന. എൻആർസിക്ക് മുമ്പ് എല്ലാ ഹിന്ദു, സിഖ്, ജയ്‌ൻ, ബുദ്ധ അഭയാർത്ഥികൾക്കുമായി പൗരത്വ അവകാശബിൽ പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിലെ ഭരണപക്ഷമായ തൃണമൂൽ കോൺഗ്രസ് പൗരത്വ അവകാശത്തെക്കുറിച്ച് തെറ്റായ രീതിയിലാണ് ജനങ്ങളെ ധരിപ്പിച്ചിരിക്കുന്നത്. ഹിന്ദു, സിഖ്, ജയ്‌ൻ, ബുദ്ധ അഭയാർത്ഥികൾക്ക് ഇന്ത്യ വിട്ടുപോകാൻ താൽപര്യമില്ലെന്ന് ഉറപ്പാണെന്നും അവർക്കെല്ലാംതന്നെ പൗരത്വ അവകാശം ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ തീർച്ചയായും രാജ്യത്ത് നിന്നും പുറത്താക്കും. ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് രാജ്യത്തിന്‍റെ ഏകീകരണത്തിനായാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.