മുംബൈ: ദേശീയ ധീരതാ അവാര്‍ഡ് ജേതാവ് സെൻ സദവർട്ടെയുടെ പ്രസംഗം തടസപ്പെടുത്തി ശിവസേന നേതാക്കൾ. വനിതാ ദിനത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. മറാത്തി സംസാരിച്ചില്ല എന്ന കാരണത്താലാണ് ശിവസേന നേതാക്കൾ തന്‍റെ പ്രസംഗം തടസ്സപ്പെടുത്തിയതെന്ന് സെൻ സദവർട്ടെ പറഞ്ഞു.
തുടക്കത്തില്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് താന്‍ സംസാരിച്ചത്. ജനങ്ങള്‍ക്ക് അര്‍ഥം മനസിലാകുകയും ചെയ്തു. പക്ഷേ സ്റ്റേജിലുണ്ടായിരുന്ന ശിവസേന നേതാക്കൾ ദേഷ്യപ്പെടുകയും പിന്നീട് ആക്രമിക്കുകയും ചെയ്തു. ഇന്ത്യയെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചഭക്ഷണം കുട്ടികൾക്ക് നൽകാത്തതിനെ കുറിച്ചും സംസാരിച്ചു. ട്രാൻസ്‌ജെൻഡേഴ്സിന് സംവരണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും ഞാന്‍ സംസാരിച്ചു. തുടര്‍ന്ന് വേദിയിലുണ്ടായിരുന്ന എംഎൽഎമാരും ശിവസേന പ്രതിനിധികളും എന്നെ അപമാനിച്ചു. അവർ വേദിയിൽ കിടക്കാൻ തുടങ്ങി. മറാത്തിയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടു. നിങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മറാത്തി പഠിക്കണമെന്നും പറഞ്ഞുവെന്ന് സദവർട്ടെ പറഞ്ഞു. ഏത് ഭാഷയിൽ സംസാരിക്കാനും തനിക്ക് അവകാശമുണ്ടെന്നും സെൻ സദവർട്ടെ കൂട്ടിച്ചേര്‍ത്തു.