ന്യൂഡൽഹി: നിലവിൽ രാത്രികാലത്ത് കർഫ്യു ഏർപ്പെടുത്തേണ്ട അവസ്ഥ തലസ്ഥാനത്ത് ഇല്ലെന്ന് ഹൈക്കോടതിയിൽ ഡൽഹി സർക്കാർ. തലസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരുന്നു സർക്കാർ കോടതിയെ ഇക്കാര്യം അറിയിച്ചത്. ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും കൊവിഡിനെ ഇല്ലാതാക്കാനായുള്ള എല്ലാ ശ്രമങ്ങളും സർക്കാർ കൈകൊള്ളുന്നുണ്ടെന്നും ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ചിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കൊവിഡ് സാഹചര്യത്തിൽ തലസ്ഥാനത്ത് രാത്രി കാലങ്ങളിൽ കർഫ്യു ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടോയെന്ന് കഴിഞ്ഞ ആഴ്ച കോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായിരുന്നു സർക്കാരിന്‍റെ പ്രതികരണം. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചവരിൽ നിന്ന് ഇതുവരെ 17 കോടി രൂപയാണ് സർക്കാർ ഈടാക്കിയത്. സിസംബർ 31 വരെ ഡൽഹിയിൽ നിലവിൽ തുടരുന്ന നിയന്ത്രണങ്ങൾ തുടരണമെന്ന് നവംബർ 28ന് സർക്കാർ ഉത്തരവിട്ടിരുന്നു.