ബെംഗളൂരു: കര്‍ണാടകയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിക്കേണ്ട ആവശ്യം നിലവില്‍ ഇല്ലെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ബ്രിട്ടണില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്‌ത പശ്ചാത്തലത്തില്‍ ഇന്ത്യക്ക് പുറത്ത് നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും വിമാനത്താവളത്തില്‍ തന്നെ ആര്‍ടി-പിസിആര്‍ പരിശോധന നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യുകെയില്‍ നിന്നും സംസ്ഥാനത്തെത്തിയ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും എല്ലാ സുരക്ഷാ നടപടികളും എടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കൊവിഡ് സ്‌ക്രീനിങ്ങും ആര്‍ടി-പിസിആര്‍ പരിശോധനയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. പരിശോധനയില്‍ പോസിറ്റിവാകുന്നവരെ കൊവിഡ് സെന്‍ററിലേക്കും നെഗറ്റീവായവര്‍ വീടുകളില്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്‍റൈന്‍ ഇരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പോസിറ്റീവാകുന്നവരുടെ സ്രവം നിംഹാന്‍സിലേക്ക് വിദഗ്‌ധ പരിശോധനയ്‌ക്ക് അയക്കും.
ബ്രിട്ടണില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്‍റെ വ്യാപനം റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ത്യ യുകെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഡിസംബര്‍ 31 വരെ റദ്ദാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ ബെംഗളൂരു, മംഗലാപുരം വിമാനത്താവളം വഴി ഡിസംബര്‍ ഏഴ് മുതല്‍ വന്ന എല്ലാ യാത്രക്കാരുടേയും പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.