ലഖ്‌നൗ: രാമ ജന്മഭൂമി- ബാബറി മസ്‌ജിദ് കേസിൽ സുപ്രീംകോടതി വിധിയെ തുടർന്ന് അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് അയോധ്യ പൊലീസ് അറിയിച്ചു. മുസ്ലിം സമൂഹവും ഹിന്ദു സമൂഹവും വിധി അംഗീകരിച്ചിട്ടുണ്ടെന്നും വേറൊരു തരത്തിലുള്ള വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടില്ലെന്നും അയോധ്യ സർക്കിൾ ഓഫീസർ അമർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. സാമൂഹിക വിരുദ്ധർ നുണ പ്രചാരണങ്ങൾ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ എല്ലാ മേഖലകളിലും പട്രോളിംഗ് നടത്തുന്നുണ്ട്. പട്രോളിംഗ് ഇന്നു കൂടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേത്ര നിർമാണത്തിനായി അയോധ്യയിലെ തർക്ക സ്ഥലം കൈമാറാനും ഇതിനായി ട്രസ്റ്റ് രൂപീകരിക്കാനും സുപ്രീം കോടതി ഇന്നലെ കേന്ദ്രത്തിന് നിർദേശം നൽകിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എസ് എ ബോഡ്ബെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവരാണ് മറ്റംഗങ്ങൾ. ചരിത്രപുസ്‌തകങ്ങളിൽ ഇന്നത്തെ തീയതി സുവർണ്ണ അക്ഷരങ്ങളിൽ രേഖപ്പെടുത്തുമെന്നും കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.