ഗുവാഹത്തി: അനധികൃതമായി എത്തിച്ചേർന്ന ഒരു കുടിയേറ്റക്കാരെയും ഇന്ത്യയിൽ തുടരാൻ അനുവദിക്കുകയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ദേശീയ പൗരത്വ പട്ടിക സമയബന്ധിതമായി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു നോർത്ത് ഈസ്റ്റേൺ കൗൺസിൽ ചെയർമാൻ കൂടിയായ അമിത് ഷാ.
വിവിധങ്ങളായ ചോദ്യങ്ങളാണ് എൻആർസിയുമായി ബന്ധപ്പെട്ട് ആളുകൾ ചോദിച്ചുകൊണ്ടിരിക്കുന്നത്, എന്നാൽ ഒരു അനധികൃത കുടിയേറ്റക്കാരനെ പോലും ഇന്ത്യയിൽ താമസിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നുവെന്ന് അമിത്ഷാ പറഞ്ഞു. ഇതാണ് തങ്ങളുടെ പ്രതിബന്ധതയെന്നും അമിത്ഷാ വ്യക്തമാക്കി. എൻആർസിയിൽ ഉൾപ്പെടുത്താൻ അപേക്ഷ നൽകിയ 3,30,27,661 ആളുകളിൽ 3,11,21,004 പേരെയും അന്തിമ പട്ടികയിൽ ഉൾപ്പെടുത്തി. ഇതിൽ 19,06,657 പേരാണ് പുറത്തായതെന്നും എൻആർസിയുടെ സ്റ്റേറ്റ് കോർഡിനേറ്റർ ഓഫീസ് അറിയിച്ചു.