ന്യൂഡൽഹി: മുസാഫർപൂർ ഷെൽട്ടർ ഹോമിൽ കുട്ടികളെ കൊലപ്പെടുത്തിയതിന് തെളിവുകളില്ലെന്ന സിബിഐ വാദം അംഗീകരിച്ച് സുപ്രീം കോടതി. ഷെൽട്ടർ ഹോമിൽ കാണാതായ കുട്ടികളെ ജീവനോടെ കണ്ടെത്തിയെന്ന് സിബിഐക്ക് വേണ്ടി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയെ അറിയിച്ചു.
പ്രദേശത്ത് നിന്ന് കണ്ടെടുത്ത അസ്ഥികൂടങ്ങൾ ഒരു സ്ത്രീയുടേയും പുരുഷന്‍റേതുമാണെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞെന്നും കെ.കെ വേണുഗോപാൽ പറഞ്ഞു. സിബിഐ റിപ്പോർട്ട് അംഗീകരിച്ച ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അന്വേഷണം അവസാനിപ്പിക്കാൻ ഉത്തരവിട്ടു. അതേസമയം ഷെൽട്ടർ ഹോം പീഡന കേസിൽ കുറ്റപത്രം സമർപ്പിച്ചെന്ന് എ.ജി കോടതിയെ അറിയിച്ചു.
രാഷ്ട്രീയ വിവാദത്തിന് വഴിയിട്ട ബീഹാർ ഷെൽട്ടർ ഹോം പീഡനക്കേസിൽ ഞെട്ടിക്കുന്ന സംഭവങ്ങളാണ് സിബിഐ കുറ്റപത്രം വഴി പുറത്തുവന്നത്. സർക്കാർ ഷെൽട്ടർ ഹോമിൽ മയക്കുമരുന്ന് കുത്തിവെച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉൾപ്പെടെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് കേസ്.