മുംബൈ: സംസ്ഥാനത്തെ പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം ഇതുവരെ എത്തിയില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. സ്ഥിതി വിലയിരുത്താന്‍ സര്‍ക്കാര്‍ നിരവധി കത്തുകള്‍ അയച്ചിട്ടും കേന്ദ്രം നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. പ്രകൃതി ദുരന്തങ്ങള്‍ നേരിടുമ്പോള്‍ പാര്‍ട്ടിയും പ്രത്യയ ശാസ്ത്രവും ചിന്തിക്കാതെ കേന്ദ്രം സംസ്ഥാനങ്ങളെ സഹായിക്കണമെന്നും അജിത് പവാര്‍ ആവശ്യപ്പെട്ടു.
കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി സംസ്ഥാനം വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നുണ്ട്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെ കേന്ദ്ര സംഘത്തെ സംസ്ഥാനത്തേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളേയും ഇന്ത്യയുടെ ഭാഗമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്‍മോഹന്‍ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് സമാന സ്ഥിതി ഉണ്ടായാല്‍ കേന്ദ്ര സംഘത്തെ അയച്ച ശേഷം സാമ്പത്തിക പാക്കേജും പ്രഖ്യാപിക്കുമെന്നും അജിത് പവാര്‍ കൂട്ടിച്ചേര്‍ത്തു.